മന്ത്രി പി.കെ.ബഷീർ സെക്രട്ടറിയായ കോളജിൽ അഡ്മിഷന് കോഴയെന്ന് പരാതി; മാര്‍ച്ചുമായി യൂത്ത് ലീഗ്

മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ അഡ്മിഷന് കോഴ വാങ്ങുന്നതായി ആരോപണം. മുസ്‍ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളേജിലേക്ക് യൂത്ത് ലീഗ് മാർച്ച് പ്രഖ്യാപിച്ചു. പരസ്യ പ്രതിഷേധം ഉയർന്നതോടെ ലീഗ് നേതൃത്വം ഇടപെട്ട് അഡ്മിഷൻ നടപടികൾ നിർത്തിവെപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ സെക്രട്ടറിയും പാണക്കാട് ബഷീർ അലി തങ്ങൾ പ്രസിഡന്‍റുമായ കൊണ്ടോട്ടി ഇഎംഇഎ കോളേജിന് എതിരെയാണ് ആരോപണം.വിദ്യാർഥികളിൽ നിന്ന് 25000 മുതൽ അരലക്ഷം രൂപ വരെ പണം വാങ്ങുന്നതായാണ്‌ ആരോപണം

സംഭവത്തിൽ യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മറ്റിയാണ് കോളേജിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്.ഇന്ന് നടക്കുന്ന അഡ്മിഷൻ നടപടികൾ തടയാനായിരുന്നു യൂത്ത് ലീഗിന്‍റെ നീക്കം.പരസ്യമായി പോസ്റ്ററുകൾ ഉൾപ്പെടെ യൂത്ത് ലീഗ് പുറത്തിറക്കിയതോടെ കോളജ് മാനേജ്മെന്‍റ് വെട്ടിലായി.ഇതോടെ മുസ്‌ലീം ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി മാനേജ്‌മെന്‍റുമായി നടത്തിയ ചർച്ചക്ക് ഒടുവിൽ അഡ്മിഷൻ നിർത്തിവെക്കുകയായിരുന്നു. മാനേജ്‌മെന്‍റ പരിഹാരം ഉറപ്പ് നൽകിയ സാഹചര്യത്തിൽ പരസ്യ പ്രതിഷേധം ഒഴിവാക്കാൻ യൂത്ത് ലീഗിനോട് ലീഗ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യപ്പെട്ടു. അതേസമയം ഇനിയും കോഴ വാങ്ങിയാണ് അഡ്മിഷൻ നടപടി എങ്കിൽ തടയുമെന്നാണ് യൂത്ത് ലീഗ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *