തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അമർഷത്തിലായിരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. മന്ത്രിസഭയുടെ ഭാഗമാവണമെന്ന് രമേശ് ചെന്നിലയോട് എഐസിസി ആവശ്യപ്പെടും. നേരത്തെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും സംസാരിച്ചു. ജോസഫ് വാഴക്കന്‍, വി ടി ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി എന്നിവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. ശേഷം ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു.
ആഭ്യന്തര വകുപ്പ് നല്‍കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനാണോ ശ്രമമെന്നാണ് അറിയേണ്ടത്. വി. ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അമര്‍ഷത്തിലായിരുന്നു രമേശ് ചെന്നിത്തല. വി ഡി സതീശന് ആശംസ പോലും നേരാതെ ഗുരുവായൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ സന്ദര്‍ശന വേളയില്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്.
