ഡൽഹി : ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ശസ്ത്രക്രിയക്ക് വിധേയ ആകുന്ന അമ്മയെ കാണാൻ വേണ്ടിയാണ് ജൂൺ 1 മുതൽ 3വരെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അനുമതി. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. 10 ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ഷർജീൽ ഇമാം പുറത്തിറങ്ങിയത്.
ജനുവരിയിൽ ഷർജീൽ ഇമാമിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉമർ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
