തിരുവനന്തപുരം: ദേശാഭിമാനിയിലെ ലേഖന വിവാദത്തിൽ നടപടി. വാരാന്തപ്പതിപ്പ് എഡിറ്റർ കെ. ആർ അജയനെ ചുമതലയിൽ നിന്ന് മാറ്റി. ടി ചന്ദ്രമോഹനാണ് ചുമതല. വാരാന്തപ്പതിപ്പ് ഞായറാഴ്ച വിതരണം ചെയ്യാൻ കഴിയാതിരുന്നതിലും കളളൻ വിജയൻ എന്ന തലക്കെട്ടിൽ ലേഖനം തയാറാക്കാനിടയായതിലും കെ.ആർഅജയനോട് ദേശാഭിമാനി വിശദീകരണം തേടിയിരുന്നു. പിന്നാലെ ഇന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ അജയന്റെ ഓഫീസ് മുറി പൂട്ടിയിരുന്നു. വിശദീകരണത്തിന് പിന്നാലെ അന്വേഷണം നടത്താനായിരുന്നു തീരുമാനം.
അന്വേഷണത്തിന്റെ ഭാഗമായി വാരാന്തപ്പതിപ്പ് ന്യൂസ് എഡിറ്റർ ഉപയോഗിച്ച കംപ്യൂട്ടർ പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഓഫീസ് മുറി പൂട്ടിയതെന്നായിരുന്നു ദേശാഭിമാനി മാനേജ്മെന്റിന്റെ വിശദീകരണം. ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് നാളെ ഓഫീസിൽ എത്തിയ ശേഷം അന്വേഷണ നടപടികൾ തുടങ്ങും. ദേശാഭിമാനി പ്രസിദ്ധീകരിക്കാതെ ഒഴിവാക്കിയ കളളൻ വിജയൻ എന്ന തലക്കെട്ടിലുളള ലേഖനം ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ചു. ലേഖനം തയാറാക്കിയ ടി.സി രാജേഷാണ് അത് ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയത്.
