റിയാദ്: ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങളുടെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെ ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റിക്കറുകൾ പതിക്കുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
കാറിന്‍റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ ഗതാഗത വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന രീതിയിൽ, വാഹനത്തിെൻറ പിൻവശത്തെ വിൻഡോകളിൽ 30 ശതമാനം വരെ മാത്രമേ കൂളിങ് സ്റ്റിക്കറുകൾ പതിക്കാൻ പാടുള്ളൂ. വാഹനത്തിനുള്ളിലെ താപനില കുറയ്ക്കാനും ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും ഇത്തരം സ്റ്റിക്കറുകൾ സഹായിക്കുമെങ്കിലും, ഡ്രൈവർമാരുടെ കാഴ്ചയെ യാതൊരു വിധത്തിലും തടസ്സപ്പെടുത്താൻ പാടില്ല. സുരക്ഷിതമായ ഡ്രൈവിങ്ങിന് ആവശ്യമായ ദൃശ്യപരത ഉറപ്പാക്കാത്ത തരത്തിലുള്ള മറ്റെല്ലാ വിധത്തിലുമുള്ള സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് ഓർമ്മിപ്പിച്ചു.
