പാരീസ്: ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങുന്നത്.പാരീസിൽ മാത്രം ഇന്ന് ഏകദേശം 40,000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വൻ റാലിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലിയോൺ, മാഴ്‌സെ ഉൾപ്പെടെ രാജ്യത്തെ പത്ത് പ്രധാന നഗരങ്ങളിലും പ്രതിഷേധ മാർച്ചുകൾ നടക്കും.
അതേസമയം, പ്രതിഷേധത്തിനിടെ പൊലീസിന്റെ നടപടികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് 15 വയസുകാരനായ വിദ്യാർത്ഥിയുടെ കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച മറ്റൊരു വിദ്യാർത്ഥിയുടെ തലയിലും കണ്ണീർവാതക ഗ്രനേഡ് പതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതിനകം ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെടുത്തതായും നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി സ്കൂളുകൾ വിദ്യാർത്ഥികൾ ഉപരോധിക്കുകയും ചെയ്തു.
ക്ലാസ് മുറികളിലെ അമിതമായ തിരക്ക്, അധ്യാപകരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണ് വിദ്യാർത്ഥികളുടെ പ്രധാന പരാതികൾ.പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു അറിയിച്ചിട്ടുണ്ടെങ്കിലും, പ്രതിഷേധ സംഘടനകൾ ഇതിൽ തൃപ്തരല്ല. സർക്കാർ പ്രഖ്യാപനങ്ങൾ വ്യക്തമായ പദ്ധതികളല്ലെന്നാണ് അവരുടെ ആരോപണം.വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് അധ്യാപക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഫ്രാൻസിലെ വിദ്യാഭ്യാസ മേഖലയിലെ പ്രതിഷേധം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.



