കൊച്ചി: ആരോഗ്യവകുപ്പ് കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ട വകുപ്പാണെന്ന മന്ത്രി കെ. മുരളീധരന്റെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന വ്യക്തിഅധിക്ഷേപങ്ങളും കായികാക്രമണങ്ങളും സൈബർ ആക്രമണങ്ങളും കള്ളപ്രചാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് വീണാ ജോർജിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് താൻ അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരതയെന്ന് വീണാ ജോർജ് കുറിച്ചു. വ്യക്തിഅധിക്ഷേപം, കായികാക്രമണം, സൈബർവേട്ട, കള്ളപ്രചാരണങ്ങൾ, വീട്ടിൽ കയറി റീത്ത് വെയ്ക്കൽ, ശവപ്പെട്ടി കൊണ്ടുവെയ്ക്കൽ തുടങ്ങി കൃത്യമായ അജണ്ടയോടെയുള്ള ആക്രമണങ്ങളാണ് നേരിടേണ്ടി വന്നതെന്ന് അവർ പറഞ്ഞു. എന്നാൽ അപ്പോഴൊന്നും തളരാൻ കഴിയുമായിരുന്നില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി.
രോഗങ്ങൾക്കും ചികിത്സാരംഗത്തെ ഉയർന്ന ചെലവുകൾക്കും മുന്നിൽ നിസ്സഹായരായേക്കാവുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി സർക്കാർ നയങ്ങൾക്കനുസരിച്ച് കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. താൻ നേരിട്ട അനുഭവങ്ങൾ ഒറ്റവാക്കിൽ പറഞ്ഞുതീർക്കാൻ കഴിയുന്നതല്ലെന്നും വീണാ ജോർജ് വ്യക്തമാക്കി.
ആരോഗ്യവകുപ്പ് കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ട വകുപ്പാണെന്നും ചുമതലയേറ്റപ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലായതെന്നും മന്ത്രി കെ. മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. കല്ലെറിയുന്നവർക്ക് സുഖമാണെന്നും കഴിഞ്ഞ പത്തുവർഷം താനും കല്ലെറിഞ്ഞിരുന്നുവെന്നും ഇപ്പോൾ തിരിച്ചുകിട്ടുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ ഈ പരാമർശത്തിന് പിന്നാലെയാണ് താൻ മന്ത്രിയായിരിക്കെ നേരിട്ട അനുഭവങ്ങൾ വിവരിച്ച് വീണാ ജോർജ് രംഗത്തെത്തിയത്.



