സൗദി ബോക്സ് ഓഫീസ് കീഴ്‌പ്പെടുത്തി ഹോളിവുഡ് ചിത്രങ്ങൾ; ഒറ്റ ആഴ്ചകൊണ്ട് നേടിയത് 2.2 കോടി റിയാൽ

റിയാദ്: സൗദിയിലെ തിയേറ്ററുകളിൽ സിനിമാ പ്രേമികളുടെ തിരക്ക്. 2026 ജൂൺ മൂന്നാം വാരത്തിൽ മാത്രം സൗദി ബോക്‌സ് ഓഫീസിൽ 2.24 കോടി റിയാലിന്റെ റെക്കോർഡ് കളക്ഷൻ വാരിയതായി ഫിലിം അതോറിറ്റി വ്യക്തമാക്കുന്നു. തിയേറ്ററുകളിൽ പ്രദർശിപ്പിച്ച 54 ചിത്രങ്ങൾക്കായി 4,31,700-ലധികം ടിക്കറ്റുകളാണ് ഈ ഒരൊറ്റ ആഴ്ച കൊണ്ട് വിറ്റുപോയത്. ഹോളിവുഡ് ചിത്രം ‘ടോയ് സ്റ്റോറി 5’ ആണ് കളക്ഷൻ റെക്കോർഡുകളിൽ ഒന്നാമതെത്തിയത്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ 1.3 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച് 71 ലക്ഷം റിയാലാണ് ചിത്രം വാരിക്കൂട്ടിയത്. പ്രദർശനത്തിന്റെ നാലാം വാരത്തിലും മികച്ച മുന്നേറ്റം തുടരുന്ന ‘7 ഡോഗ്സ്’ 35 ലക്ഷം റിയാലുമായി രണ്ടാം സ്ഥാനത്തുണ്ട്. ചിത്രത്തിന്റെ ഇതുവരെയുള്ള ആകെ വരുമാനം 3.77 കോടി റിയാലായി ഉയർന്നു

പ്രദർശനം തുടങ്ങി അഞ്ചാം വാരത്തിലെത്തിയ ‘ഒബ്‌സെഷൻ’ 32 ലക്ഷം റിയാൽ കളക്ഷൻ നേടി മൂന്നാം സ്ഥാനം നിലനിർത്തി. ചിത്രത്തിന്റെ ആകെ വരുമാനം 2.01 കോടി റിയാലിലെത്തി. ‘വാട്സ് ദി ടോക്ക് എബൗട്ട്?’ ആറാം വാരത്തിൽ 28 ലക്ഷം റിയാലുമായി നാലാം സ്ഥാനത്തുണ്ട്. ചിത്രത്തിന്റെ ആകെ കളക്ഷൻ 2.67 കോടി റിയാൽ ആണ്. ‘ദി ക്രാഷ്’ രണ്ടാം വാരത്തിൽ 18 ലക്ഷം റിയാൽ നേടി അഞ്ചാം സ്ഥാനത്താണ്. ഇവ കൂടാതെ ‘ഡിസ്‌ക്ലോഷർ ഡേ’, ‘ഡീപ് വാട്ടർ’, ‘ബാക്ക്റൂംസ്’, ‘ദി ഡെത്ത് ഓഫ് റോബിൻ ഹുഡ്’ എന്നീ ചിത്രങ്ങളും പ്രദർശനത്തിന്റെ ഒമ്പതാം വാരത്തിലെത്തിയ ‘മിഖായേലും’ ആദ്യ പത്തിൽ ഇടംപിടിച്ചു. ഹിറ്റ് പട്ടികയിലെ ആദ്യ പത്തിലെ 7 എണ്ണവും ഹോളിവു‍‍ഡ് ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *