തിരുവനന്തപുരം: പൊതിച്ചോറ് വിവാദത്തിൽ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസേന നാലായിരത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തനം ഒരു ലോക റെക്കോർഡാണെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പൊതിച്ചോറ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവൻകുട്ടി. മറ്റേത് സംഘടനയ്ക്കാണ് ഇത്രയും വിപുലമായ രീതിയിൽ ജനങ്ങൾക്ക് അന്നമെത്തിക്കാൻ കഴിയുകയെന്ന് ശിവൻകുട്ടി ചോദിച്ചു.
സന്നദ്ധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വിവാദ പ്രസ്താവനകളിൽ നിന്ന് മന്ത്രി പിൻവാങ്ങിയാൽ മാത്രം പോരെന്നും, ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്ന സന്നദ്ധ പ്രവർത്തകരെ ഭീഷണിപ്പെടുത്താൻ നോക്കേണ്ട. സർക്കാർ ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത് അല്ല. ഭക്ഷണം വിതരണം ചെയ്യാൻ മന്ത്രിയുടെ സഹായമൊന്നും വേണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
