കുഞ്ചാക്കോ ബോബനും ലിജോമോള് ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഉന്മാദം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ജൂലൈ 31-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമാണ് ചിത്രം. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഇപ്പോഴിതാ സിനിമയുടെ തിരക്കഥയൊരുക്കിയ ഷാഹി കബീർ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇത്തവണ ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്ത സിനിമകളിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണ് ഉന്മാദം. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം കാണാൻ പറ്റും. എനിക്ക് വളരെ പ്രിയ്യപ്പെട്ട സിനിമയാണെന്നും എന്റെ കഴിഞ്ഞ സിനിമകളുമായി യാതൊരു ബന്ധവുമില്ല’ ഷാഹി കബീർ പറഞ്ഞു. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
