മലപ്പുറം: നിലമ്പൂര്‍ ചന്തക്കുന്ന് വെളിയന്തോട് ജവഹര്‍ നഗറില്‍ ജനവാസ മേഖലയിലിറങ്ങി കാട്ടാന. വീട് ആക്രമിച്ചു. പൈങ്കുളം തങ്കയുടെ വീടിനുനേരെയാണ് രാത്രിയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവസമയത്ത് തങ്ക, മരുമകള്‍ രജനി, ഇവരുടെ മകള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയില്‍ ഇവര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആനയുടെ ആക്രണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന് ദേഹത്തേക്ക് പൊട്ടി വീണതോടെയാണ് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നത്.
ഭയന്നുവിറച്ച ഇവര്‍ ജനല്‍ വഴി പുറത്തേക്ക് നോക്കിയപ്പോഴാണ് ആന മതില്‍ തകര്‍ത്ത് തൊട്ടടുത്ത പറമ്പിലേക്ക് കടന്നുപോകുന്നത് കണ്ടത്. മുമ്പും പലതവണ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമായാണെന്ന് തങ്ക പറയുന്നു. എഴുപതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജവഹര്‍ നഗര്‍ പ്രദേശം ഐ.ജി.എം.എം.ആര്‍ സ്‌കൂളിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഈ മേഖലയില്‍ വന്യജീവി ആക്രമണം പതിവായതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. നിരന്തരമായുണ്ടാകുന്ന കാട്ടാന ശല്യത്തിന് വനംവകുപ്പ് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
