ബെയ്‌റൂട്ട്: ദക്ഷിണ ലെബനനില്‍ വീണ്ടും ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. ആക്രമണത്തില്‍ ലെബനനിലെ ഒരു സൈനികന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. നബാതിയ നഗരത്തിന് ചുറ്റുമുള്ള പത്തിലധികം പ്രദേശങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ലബനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ദക്ഷിണ ലെബനനിലെ ഇസ്രായേല്‍ സേനയ്ക്ക് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയതിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ സൈന്യം പറഞ്ഞത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ ശക്തമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിക്കാനിരിക്കെയാണ് ലെബനനില്‍ ഇസ്രായേല്‍ ആക്രമണം നടന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ രൂപീകരിച്ച സമാധാന ഉടമ്പടിയുടെ ഭാഗമായാണ് വെള്ളിയാഴ്ച ലെബനനിലും പുതിയ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ആക്രമണങ്ങള്‍ ഉണ്ടായി. ഇത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് കടുത്ത തിരിച്ചടിയായിണ്.
ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ ഫദ്ലല്ല പറഞ്ഞു. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി മാനിക്കണമെന്നും തങ്ങളുടെ ഗ്രാമങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിസ്ബുള്ള ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
