‘ആശുപത്രിയാക്കാൻ പറ്റില്ല, ഹോട്ടലാക്കാൻ കൊള്ളാം’; പത്തനാപുരം താലൂക്ക്‌ ആശുപത്രി നിർമാണത്തിനെതിരേ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

പത്തനാപുരം: പത്തനാപുരം താലൂക്ക്‌ ആശുപത്രി നിർമാണത്തിനെതിരേ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വലിയ കെട്ടിടമാണെങ്കിലും അസൗകര്യങ്ങളും പോരായ്മകളും ഏറെയാണ്. പ്ലാനിൽ പറയുന്ന രീതിയിലുള്ള കെട്ടിടം ആശുപത്രിയാക്കാൻ കഴിയില്ല. ഹോട്ടലാക്കാൻ കൊള്ളാമെന്ന് മന്ത്രി പരിഹസിച്ചു.

നാല് ഓപ്പറേഷൻ തിയേറ്ററാണ് ആശുപത്രിയിൽ നിർമിക്കുന്നത്. എന്നാൽ സി.ടി.സ്‌കാൻ, എം.ആർ.ഐ.സ്‌കാൻ സൗകര്യങ്ങൾ ഇല്ലാത്തത് വലിയ പോരായ്മയാണ്. കേന്ദ്രീകൃത ശീതീകരണസംവിധാനമാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്, ഇതിന്റെയാവശ്യമില്ലെന്നും മാസംതോറും വൈദ്യുതി ബില്ലിനത്തിൽ ലക്ഷങ്ങളുടെ അധികബാധ്യതയാകും ഫലമെന്നും ഈ തുകയുണ്ടെങ്കിൽ രോഗികൾക്ക് സൗജന്യമായി മരുന്നുവാങ്ങി നൽകാമെന്നും കെ. മുരളീധരൻ പറഞ്ഞു. സ്റ്റാർ ഹോട്ടൽപോലെ ആശുപത്രി കെട്ടിയിട്ടു കാര്യമില്ല. നിർമാണച്ചുമതലയുള്ള ഇൻകൽ അധികൃതരുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി പോരായ്മകൾ പരിഹരിച്ച് ആശുപത്രി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *