ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഒരാഴ്ചക്കിടെ ഇടുക്കി അണക്കെട്ടിൽ 20 അടിയോളം ജലനിരപ്പ് ഉയർന്ന് 2348.28 അടിയിലെത്തി. ആകെ സംഭരണശേഷിയുടെ ഏകദേശം 44 ശതമാനമാണിത്. ജലനിരപ്പിലെ ഈ വർധന സംസ്ഥാനത്തെ വൈദ്യുതി ഉൽപാദന പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്ന കാര്യം കെഎസ്ഇബി പരിഗണിച്ചുവരികയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിലും ഒരാഴ്ചക്കിടെ എട്ട് അടി ജലനിരപ്പ് ഉയർന്ന് 120 അടിയിലെത്തി. കഴിഞ്ഞ ആഴ്ച ഇത് 112 അടിയായിരുന്നു. ഓഗസ്റ്റ് മാസത്തിലെ അനുവദനീയ പരമാവധി സംഭരണനിരപ്പ് 126 അടിയാണ്. നിലവിൽ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല, ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് വെള്ളം വൈഗ അണക്കെട്ടിലേക്ക് കൂടുതൽ ഒഴുക്കാൻ തമിഴ്നാട് നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന.
