ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം. പ്രതിഷേധത്തിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ എത്തി. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കാതെ ജന്തർ മന്തർ വിടില്ലെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. പ്രതിഷേധത്തിനുള്ള അനുമതി നീട്ടി നൽകണമെന്ന് ഡൽഹി പൊലീസിനോട് അഭ്യർത്ഥിച്ചു.
എല്ലാവരോടും ജന്തർ മന്തറിൽ എത്താൻ ആഹ്വാനം ചെയ്‌തു. ഇപ്പോൾ അല്ലെങ്കിൽ , പിന്നെ എപ്പോഴും ഇല്ല എന്നും അഭിജിത് പറഞ്ഞു. ജന്തര്‍ മന്തറിലെ സമരം രാവിലെ വരെ തുടരാനാണ് സിജെപിയുടെ തീരുമാനം. ഡൽഹിയിൽ ഉള്ളവരോട് ആറ് മണിക്ക് സമരവേദിയിൽ എത്താൻ സിജെപി ആഹ്വാനം ചെയ്യുന്നു. ജന്തർ മന്തറിൽ സിജെപി പാത്രം കൊട്ടി പ്രതിഷേധിക്കുന്നു.
സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കേ രണ്ടുമണിയോടെയാണ് പ്രതിഷേധ വേദിയിലേക്ക് എത്തിയത്. ധർമ്മേന്ദ്രപ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡൽഹയിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട പ്രതിഷേധമാണ് ഇന്നത്തേത്. ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിരവധി സംഘടനകളും പ്രതിഷേധത്തിനെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
നീറ്റ് പുനഃപരീക്ഷയുടെ ഹാൾടിക്കറ്റ് വിതരണത്തിൽ വരെ വീഴ്ച സംഭവിച്ചുണ്ട്. നാഗ്പൂരിലെ വിദ്യാർഥികൾക്ക് അബുദാബിയാണ് ആദ്യ ഘട്ടത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചത്. പിന്നീട് നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസിയെ ബന്ധപ്പെട്ടതിന് ശേഷമാണ് തിരുത്തിയതെന്നും പ്രതിഷേധക്കാർ പറയുന്നുണ്ട്. കർശന പൊലീസ് വലയത്തിലാണ് പ്രതിഷേധം. എല്ലാവരേയും കൃത്യമായ പരിശോധനക്ക് ശേഷമാണ് പ്രതിഷേധം നടക്കുന്നിടത്തേക്ക് കടത്തിവിട്ടത്.
