ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ മിന്നൽ വേഗത്തിൽ സത്യപ്രതിജ്ഞ; അറസ്റ്റിലായ സുഗതൻ എത്തിയില്ല

തിരുവനന്തപുരം: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നഗരസഭയിലെ ആകെ 20 ബിജെപി കൗൺസിലർമാരിൽ 19 പേരാണ് കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

വൈകിട്ട് നാലരയ്ക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ വിവി രാജേഷ് അംഗങ്ങൾക്ക് നിയമപ്രകാരമുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. എന്നാൽ കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല.

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്‌ പിവി കുഞ്ഞികൃഷ്ണൻ, നാലാഴ്ചയ്ക്കകം കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിടുകയായിരുന്നു. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം ജനപ്രതിനിധികൾ ഒരു കോടതി വിധിയെത്തുടർന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. ഡെപ്യൂട്ടി മേയർ കൂടിയായ ആശാ നാഥും ഇത്തരത്തിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്തവരുടെ കൂട്ടത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *