പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി ലിംഗായത്ത്, ദളിത് വിഭാഗങ്ങൾ

ബെം​ഗളൂരു; കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ അധികാരമേൽക്കാനിരിക്കെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനങ്ങളെ ചൊല്ലി ചർച്ചകൾ സജീവമാകുന്നു. അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി വിവിധ സമുദായങ്ങൾ രംഗത്തെത്തി. ലിംഗായത്ത്, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരായി പരിഗണിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഡികെ. ശിവകുമാർ മാത്രമായിരുന്നു ഉപമുഖ്യമന്ത്രി. എന്നാൽ പുതിയ മന്ത്രിസഭയിൽ വിവിധ ജാതി-സമുദായ സമവാക്യങ്ങൾ പരിഗണിച്ച് ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് വിവിധ വിഭാഗങ്ങളുടെ ആവശ്യം.
ലിംഗായത്ത് സമുദായത്തിലെ മഠാധിപതിമാർ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവും നിലവിലെ ആഭ്യന്തര മന്ത്രിയുമായ ജി പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച് മുനിയപ്പയുടെ അനുയായികളും സമാന ആവശ്യവുമായി രംഗത്തുണ്ട്. മറ്റ് പല നേതാക്കളുടെയും പേരുകൾ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക നിർദേശം ലഭിച്ചിട്ടില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *