കൊച്ചി: കേരളതീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ആശങ്കാജനകമാകുംവിധം ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിൻ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായർ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.
ഉഷ്ണതരംഗങ്ങളെ കുറിച്ച് പഠിക്കാനായി ഇൻകോയ്സ് വികസിപ്പിച്ചെടുത്ത പ്രത്യേകസേവനമായ മറൈൻ ഹീറ്റ് വേവ് അഡ്വൈസറി സർവീസസ് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യ ബന്ധനമേഖലയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 17 മുതൽ ഏപ്രിൽ എട്ടുവരെയുള്ള വിവരങ്ങൾ ഇൻകോയ്സ് വിശകലനം ചെയ്തതുവഴി ലഭിച്ച സൂചനകളാണിത്. സമുദ്രതാപതരംഗത്തിന്റെ തീവ്രത അനസരിച്ച് ജാഗ്രതാ മുന്നറിയിപ്പുകൾ നൽകേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. കേരളതീരത്തിന് അകലെ ഉൾക്കടലിലാണ് താപതരംഗങ്ങൾ രൂപപ്പെടുന്നത്.
