ലഖ്നൗ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിൽനിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി. ഹർജിക്കാരനായ ബി.ജെ.പി. നേതാവ് വിഘ്നേഷ് ശിശിർ രാഷ്ട്രീയനേട്ടത്തിനായി കോടതിയെ ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ജസ്റ്റിസിന്റെ പിൻമാറ്റം. സാമൂഹികമാധ്യമത്തിലൂടെയുള്ള പരാമർശങ്ങളാണ് കാരണം. ഹർജി പുതിയബഞ്ചിന് കൈമാറും. രാഹുൽഗാന്ധിക്ക് പറയാനുള്ളത് കേട്ടതിനുശേഷമായിരിക്കും തുടർനടപടി. രാഹുൽഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള സ്വന്തം ഉത്തരവ് കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. കോടതിയെ ശരിയായ നിയമവശങ്ങൾ ബോധിപ്പിക്കുന്നതിൽ അഭിഭാഷകർ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് പറഞ്ഞു. കോടതിയെ സഹായിക്കേണ്ട കടമ അഭിഭാഷകർക്കുണ്ടെന്നും എന്നാൽ, ഈ കേസിൽ യു.പി. സർക്കാരിന്റെ അഭിഭാഷകനിൽനിന്നോ ഡെപ്യൂട്ടി സോളിസിറ്റർ ജനറലിൽനിന്നോ വേണ്ട നിയമസഹായം ലഭിച്ചില്ലെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ സാമൂഹികമാധ്യമങ്ങൾ വഴി നടത്തിയ പ്രസ്താവനകൾ കോടതിയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സുഭാഷ് വിദ്യാർഥി കേസ് മറ്റൊരു ബെഞ്ചിന് വിട്ടത്.
രാഹുലിനെതിരായ പൗരത്വ ഹർജിയിൽനിന്ന് ജഡ്ജി പിന്മാറി
