ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. ഡൽഹി മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ’ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ഒട്ടേറെ പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിലേറെ നിലകളുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
വിവരമറിഞ്ഞയുടൻ നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ഫയർ സർവീസിന്റെ കൂടുതൽ യൂണിറ്റുകളും സ്ഥലത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപ്പിടത്തത്തിൻെറ കാരണം വ്യക്തമല്ല. ഹോട്ടലിനകത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മറ്റുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥലത്ത് പരിശോധന തുടരുകയാണെന്നും ഫയർ സർവീസ് അധികൃതർ പറഞ്ഞു.
തീപ്പിടത്തത്തിൽ മരിച്ചവരിൽ മിക്കവരും വിദേശികളാണെന്ന വിവരങ്ങളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചവരിൽ മിക്കവരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണെന്ന് ആംആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതിനിടെ, വിദേശികളായ സ്ത്രീകളടക്കമുള്ളവർ തീപ്പിടത്തമുണ്ടായ ഹോട്ടലിന്റെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
