കോഴിക്കോട് : പുറമേരിയിൽ ഇലക്ട്രിക്ക് ലൈറ്റ് കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം.
പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് 8 കടകളും കത്തി നശിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിച്ചത്. ഇലക്ട്രിക്കൽ ലൈറ്റുകൾ വില്പന നടത്തുന്ന കടയിലാണ് ആദ്യം പുക ഉയർന്നത്.
പിന്നാലെ തീ പടർന്ന് മറ്റ് കടകളിലേക്കും വ്യാപിച്ചു. തീ പടരുന്നത് കണ്ടു പുറത്തിറങ്ങിയ ജീവനക്കാർ ഉടനെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
നാദാപുരം ഫയർ ഫോഴ്സിലെ രണ്ട് യൂണിറ്റ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നതിനിടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രിക്കൽ സ്‌കൂട്ടർ വില്പന നടത്തുന്ന ഷോ റൂമും കത്തി.
ഇവിടെ ഉണ്ടായിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളും കത്തി നശിച്ചു.
ഫയർഫോഴ്സ് സംഘവും, നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂർ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ഈ കെട്ടിടത്തിലെ 8 കടകൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടം ഉണ്ടായതായി ജീവനക്കാർ പറയുന്നു.
