തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആദ്യന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ, കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടുമെന്നും ഐഎംഡി സൂചന നല്‍കി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ മറ്റൊരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. മാത്രമല്ല, സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂന മർദ്ദ പാത്തി, തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ നിലനിൽക്കുന്നു. കൂടാതെ, തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നു. അതുകൊണ്ട് മെയ് 14 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
