വാഷിങ്ടണ്‍: ഒമാന്‍ തീരത്തോട് ചേര്‍ന്ന് ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദി ഇറാനെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. ഇറാനാണ് കപ്പലിനെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീരുമാനിച്ച വഴികളിലൂടെയല്ലാതെ കപ്പലുകള്‍ സഞ്ചരിച്ചാല്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ പറ്റില്ലെന്ന് കടലിടുക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ച ഇറാന്‍ സ്ഥാപിച്ച കമ്മിറ്റി നേരത്തെ പറഞ്ഞിരുന്നു. ഉത്തരവാദിത്തം കപ്പലിന്റെ ഉടമകള്‍ക്കായിരിക്കുമെന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി (പിജിഎസ്എ)യും എക്‌സില്‍ കുറിച്ചു. ‘അനൗദ്യോഗികമായ വഴികളിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ വരുന്ന ഏത് പ്രശ്‌നത്തിന്റെയും ഉത്തരവാദികള്‍ ആ കപ്പലിന്റെ ഉടമയും മാസ്റ്ററും ഓപ്പറേറ്ററുമായിരിക്കും’, പിജിഎസ്എ കുറിച്ചു.
അതേസമയം നേരത്തെ തീരുമാനിച്ച 11,000ത്തോളം വരുന്ന കപ്പല്‍ തൊഴിലാളികളെ ഒഴിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) പറഞ്ഞു. നിരവധി ബോട്ടുകള്‍ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇനി ഹോര്‍മൂസില്‍ തുടരണമെങ്കില്‍ ആവശ്യമായ സുരക്ഷാ ഉറപ്പുകള്‍ ലഭിക്കണമെന്നും ഐഎംഒ മേധാവി അര്‍സെനിയോ ഡോമിന്‍ഗ്വെസ് പറഞ്ഞു.
