ദുബായ്: ദുബായിലെ ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുബായ് സിവിൽ ഡിഫൻസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.
അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവരുടെ പ്രാദേശികതയോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ സിവിൽ ഡിഫൻസ് വെളിപ്പെടുത്തും.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജപ്രചരണങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെന്നും അറിയിപ്പുണ്ട്. വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ വാതക സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.
അംഗീകാരമില്ലാത്ത വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വാതക സിലിണ്ടറുകൾ വാങ്ങരുതെന്ന് ദുബായ് പൊലീസ് നിർദ്ദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഈ വർഷം മാത്രം 300 സിലിണ്ടറുകളാണ് ദുബായ് പൊലീസ് പിടിച്ചെടുത്തത്. സുരക്ഷിതമല്ലാത്ത രീതിയിലുള്ള റീഫില്ലിംഗും പരിപാലനവും ജീവനും സ്വത്തിനും വൻ ഭീഷണിയാണെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഓർമ്മിപ്പിച്ചു.
