എറണാകുളം: ഭൂട്ടാൻ വഴിയുള്ള വാഹനകള്ളക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങൾ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എത്തിച്ചതായാണ് കണ്ടെത്തൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇവയെല്ലാം രജിസ്റ്റർ ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. സൂപ്പർ കാറുകളും , ബൈക്കുകളുമടക്കം കടത്തിയതിലൂടെ കോടികളുടെ നികുതിയാണ് വെട്ടിച്ചതെന്നും കസ്റ്റംസ് പറഞ്ഞു.
ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ അസമിൽ മാത്രം 464 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. കൂടാതെ 50 ലധികം വാഹനങ്ങളാണ് കേരളത്തിൽ നിന്നും പിടിച്ചെടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെലിബ്രിറ്റികളും സിനിമാതാരങ്ങളും കുടുങ്ങിയ ഓപ്പറേഷൻ നുംഖോറിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ഭൂട്ടാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കസ്റ്റംസ് സംയുക്ത യോഗം മൂന്നാറിൽ ചേർന്നു. ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ പത്ത് ഉദ്യോഗസ്ഥരാണ് മൂന്നാറിലെ ഈ യോഗത്തിൽ പങ്കെടുക്കാനെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും കസ്റ്റംസ് അറിയിച്ചു.
