ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ബ്ലൂ പ്രിന്റ് ബജറ്റിൽ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളം അപകടാവസ്ഥയിലാണ് എന്ന സന്ദേശമാണ് ബജറ്റിലെ ആമുഖത്തില്‍ പറയാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്നാൽ ബജറ്റിലെ അലോക്കേഷന്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ല എന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരം കോടിയുടെ അധിക വകയിരുത്തല്‍ ബജറ്റിലുണ്ടെന്നും സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ഒരു ബ്ലൂ പ്രിന്റും കാണാനില്ലെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പല കാര്യങ്ങളും യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

വന്‍കിട മദ്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വലിയ തോതില്‍ നിര്‍മ്മിക്കാനുളള അവസരം തുറന്നുകൊടുക്കുകയാണോ എന്ന് സംശയമുണ്ട്. സ്വകാര്യ മേഖലയ്ക്ക് അവസരം കൊടുക്കലാണ് ബജറ്റില്‍ കാണാന്‍ കഴിയുന്നത്. ഒഡീഷയെയും ആന്ധ്രപ്രദേശിനെയും കേരളത്തെയും ബന്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഇടനാഴി ആശയത്തെ സര്‍ക്കാര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടു. വന്‍കിട കോര്‍പ്പറേറ്റ് താല്‍പര്യം ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിഷന്‍ സമുദ്ര വഴി സ്വകാര്യ മേഖലയ്ക്ക് കേരളത്തിന്റെ തീരങ്ങള്‍ തീറെഴുതാനാണോ പദ്ധതിയെന്ന് ആശങ്കയുണ്ട്. തീരദേശത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കമാണോ ഫിഷറീസ് പ്ലാന്റെന്നാണ് സംശയം. കേരളത്തിന്റെ ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിക്കുന്ന പ്രഖ്യാപനങ്ങളില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ ചിറകരിയുന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചതെന്നും അതിന്റെ പിന്നിലെ രാഷ്ട്രീയം എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌സി- എസ്ടി വിഭാഗത്തിന് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് ലൈഫ് പദ്ധതി തകര്‍ക്കാനുളള നീക്കമാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ‘ആരോഗ്യ ഇന്‍ഷുറന്‍സ് വലിയ പദ്ധതിയാണ് എന്ന് പറയുന്നു. പത്തുകോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവെച്ചത്. അതുകൊണ്ട് ഒന്നുമാകില്ല എന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. പ്രഹസനം മാത്രമാണോ എന്നാണ് സംശയം. കേരളത്തിന് അപകടം സംഭവിക്കുന്നു എന്ന സൂചനയാണ് ബജറ്റില്‍’: പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *