തിരുവനന്തപുരം: മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് എൽഡിഎഫ് കൺവീനർ ആയേക്കും. ഇത് സംബന്ധിച്ച് സിപിഐഎമ്മിൽ ആലോചനകൾ നടക്കുന്നു. പദവി ഒഴിയാനുള്ള ആഗ്രഹം ടി പി രാമകൃഷ്ണൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതാണ് ചർച്ചകൾക്ക് വഴിവെച്ചത്. പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫിനെ യുവമുഖം നയിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് പി രാജീവിന്റെ പേര് ഉയർന്നുകേട്ടിരുന്നു. കളമശ്ശേരിയിൽ പരാജയപ്പെട്ടതോടെ എംഎൽഎസ്ഥാനം പോലും നഷ്ടപ്പെട്ട പി രാജീവിനെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരണം എന്ന ചർച്ച പാർട്ടിക്കകത്തും ഉയർന്നിരുന്നു. ഇതാണ് എൽഡിഎഫ് കൺവീനർ ചർച്ചകളിലേക്ക് വഴിതുറന്നത്.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഒഴിയാനുള്ള സന്നദ്ധത ടി പി രാമകൃഷ്ണൻ സിപിഐഎം നേതാക്കളോട് പങ്കുവെച്ചുവെന്നാണ് വിവരം. പിന്നാലെയാണ് പുതിയ എൽഡിഎഫ് കൺവീനർ എന്ന ചർച്ച ഉയർന്നുവന്നത്. എൽഡിഎഫ് പ്രതിപക്ഷത്തിരിക്കെ യുവമുഖം എന്ന നിലയിൽ പി രാജീവിനെ കൺവീനർ ആക്കിയാൽ മികച്ച നേതൃത്വം ഉണ്ടാവും എന്ന നിഗമനത്തിലാണ് സിപിഐഎം.
