വീണ്ടും അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻപിള്ള; ഷാൻ വധക്കേസ് പ്രതികൾക്കായി കോടതിയിൽ ഹാജരായി

ആലപ്പുഴ: ഗവർണർ പദവി ഒഴിഞ്ഞതിന് പിന്നാലെ വീണ്ടും അഭിഭാഷക കുപ്പായമണിഞ്ഞ് ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിൽ ഷാൻ വധക്കേസിലെ പ്രതികൾക്കുവേണ്ടിയാണ് അദ്ദേഹം അഭിഭാഷകനായി ഹാജരായത്. ഗവർണർ പദവി ഒഴിഞ്ഞശേഷം അഭിഭാഷകവൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യ വ്യക്തിയാണ് താനെന്ന് ശ്രീധരൻപിള്ള അവകാശപ്പെട്ടു. അഭിഭാഷകവൃത്തിയോടുള്ള ഇഷ്ടമാണ് വീണ്ടും ഈ മേഖലയിലേക്ക് മടങ്ങിയെത്താൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് പതിറ്റാണ്ടിലേറെ നിയമരംഗത്ത് പ്രവർത്തനപരിചയമുള്ള അഭിഭാഷകനാണ് പി.എസ്. ശ്രീധരൻപിള്ള. കീഴ്‌ക്കോടതികൾ മുതൽ സുപ്രീംകോടതി വരെ നിരവധി പ്രമാദമായ കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. കേരളത്തിലെ വിവിധ സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ അദ്ദേഹത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ, സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഗവർണർ പദവിയിലെ ഔദ്യോഗിക ജീവിതത്തിന് ശേഷം വീണ്ടും സജീവ അഭിഭാഷകവൃത്തിയിലേക്ക് മടങ്ങിയെത്തിയ ശ്രീധരൻപിള്ളയുടെ പുതിയ നീക്കം ശ്രദ്ധേയമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *