തിരുവനന്തപുരം: സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നു. പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. എന്നാൽ മുൻ സർക്കാർ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർത്തിയാക്കി കരാറിൽ ഒപ്പിട്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി എല്ലാ അവകാശങ്ങളും നൽകുന്ന തരത്തിലുള്ള ഒരു കരാറിലാണ് മുൻ സർക്കാർ ഒപ്പുവെച്ചിരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
നിലവിലെ സാഹചര്യത്തിൽ ഈ കരാർ റദ്ദാക്കാനുള്ള യാതൊരു നിബന്ധനകളുമില്ല. ഈ സാഹചര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന കാര്യമാണ് സർക്കാർ ഇപ്പോൾ പരിശോധിച്ചു വരുന്നത്. അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. മുൻ സർക്കാർ ചെയ്ത കാര്യങ്ങളിലെ ജാള്യത മറയ്ക്കാനാണ് ഇപ്പോൾ പ്രതിപക്ഷം ഈ വിഷയത്തിൽ പ്രതിഷേധം നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. വിഷയം പരിശോധിക്കുന്നതിനായി സർക്കാർ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപസമിതിയുടെ ആദ്യ യോഗം ഇതിനകം തന്നെ ചേർന്നുകഴിഞ്ഞു. അടുത്ത യോഗം ജൂലൈ ഒന്നിന് ചേരുമെന്നും, അതിനുശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ മറ്റ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കവേ, മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അഡീഷണൽ ബാച്ചുകൾ നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ സീറ്റുകളുടെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും, ഇത് പരിഹരിക്കാൻ ക്യാബിനറ്റിൽ നിർദ്ദേശം വെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സയൻസ് ബാച്ചുകൾ അനുവദിക്കുമ്പോൾ ലാബ് സൗകര്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
