സമസ്തയിലെ പിളർപ്പ്; പിന്നിൽ സ്ഥാപിത താല്‍പര്യക്കാരെന്ന് കാന്തപുരം

കോഴിക്കോട്: സമസ്തയിലെ പിളര്‍പ്പില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പശ്ചാത്താപം രേഖപ്പെടുത്തി. എപി-ഇപി പിളര്‍പ്പിന് പിന്നില്‍ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയെന്ന് കാന്തപുരം പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സമസ്ത സ്ഥാപകദിന വാർഷിക സമ്മേളനത്തില്‍ വിതുമ്പിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരാണ്. പിന്നീട് ചിലര്‍ തന്നെയും ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരെയും അകറ്റി. ചില സ്ഥാപിത താല്‍പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരത്തിന്റെ പ്രസ്താവനയെ ഇ കെ സമസ്തനേതാക്കള്‍ സ്വാഗതം ചെയ്തു. സുന്നി ഐക്യം അനിവാര്യമെന്ന് ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും ഫേസ്ബുക്കില്‍ കുറിച്ചു. ഭിന്നിപ്പ് മത നവീകരണ വാദികള്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് നാല് പതിറ്റാണ്ട് കാലം സമസ്തയുടെ പോഷക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരു വിനീതന്‍ എന്ന നിലയില്‍ തനിക്ക് പറയാന്‍ കഴിയുമെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് മുണ്ടുപാറ കുറിച്ചു.

ഇപ്പോഴും ഒരുമിച്ചു പോകുന്നതിന് വിഘാതമായി നില്‍ക്കുന്ന പ്രധാന തടസ്സം ചിലരുടെ ഇടപെടലുകള്‍ ആണെന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ടതാണ്. സുന്നി ആദര്‍ശം സംരക്ഷിക്കുകയും മതനവീകരണ വാദികളെ നിയമാനുസരണം തടയുകയും ചെയ്യുക എന്ന സമസ്ത ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സുന്നി സംഘടനകളുടെ ഏകീകരണവും സൗഹൃദവും ഏറെ അനിവാര്യമാണെന്നും അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *