‘ഇ-20 പെട്രോൾ നയത്തിൽ ലാഭമുണ്ടാക്കുന്നു’; വ്യാജ ആരോപണങ്ങൾക്കെതിരേ നിതിൻ ഗഡ്കരി ഹൈക്കോടതിയിൽ

മുംബൈ: ഇ-20 എഥനോൾ പദ്ധതിയിൽനിന്ന് തനിക്കും കുടുംബത്തിനും സാമ്പത്തിക ലാഭമുണ്ടായെന്ന തരത്തിലുള്ള പ്രചാരണം നടത്തിയവർക്കെതിരേ നിയമനടപടിയുമായി നിതിൻ ഗഡ്കരി. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾക്കും ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾക്കുമെതിരെ നിതിൻ ഗഡ്കരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.

അപകീർത്തികരമായ ഉള്ളടക്കങ്ങൾ സംബന്ധിച്ച് മെറ്റ, മറ്റു സാമൂഹ്യമാധ്യമങ്ങൾ, തിരിച്ചറിയാത്ത വ്യക്തികൾ എന്നിവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാൻ ഹൈക്കോടതി ഗഡ്കരിക്ക് അനുമതി നൽകി. എഥനോൾ സംബന്ധിച്ച നയം നടപ്പാക്കുന്നത് പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലാണെന്നും അതുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്നും ഗഡ്കരി ഹർജിയിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് അഭയ് അഹൂജ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇ-20 പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിക്കെതിരെ വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് നാല് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നാഗ്പൂരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. യൂട്യൂബറും രാഷ്ട്രീയ പ്രവർത്തകനുമായ മനീഷ് കശ്യപ്, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയായ ദേശി ബോയ്സ്, ഇൻഫ്ലുവൻസർമാരായ ഹർഷിത് രാഠി, അങ്കലീഷ് ഇൻവാട്ടി എന്നിവർക്കെതിരേയാണ് കേസെടുത്തത്. 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്ന ഇ-ട്വന്റി ഇന്ധനം രാജ്യത്ത് നടപ്പാക്കുന്നതിനെക്കുറിച്ച് പൊതുചർച്ച ശക്തമാകുന്നതിനിടെ, അനുയോജ്യമായ വാഹനങ്ങൾക്ക് ഇത് സുരക്ഷിതമാണെന്നും ഇന്ത്യയുടെ ഊർജ പരിവർത്തനത്തിന്റെയും എഥനോൾ ബ്ലെൻഡിങ് പദ്ധതിയുടെയും പ്രധാന ഘടകമാണിതെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

ഇ ട്വന്റി ഇന്ധനം ഇന്ധനക്ഷമതയെ ബാധിക്കുമെന്ന ആശങ്ക പലരും ഉയർത്തിയിരുന്നു. ഉയർന്ന എഥനോൾ അംശമുള്ള ഇന്ധനം ഉപയോഗിക്കാനാവുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തിട്ടില്ലാത്ത പഴയ വാഹനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *