ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പെയിൻ ഫുട്‌ബോള്‍ ടീമിന് തിരിച്ചടി. ലഭിച്ച സമ്മാനത്തുകയില്‍ വന്‍ തുക അമേരിക്കന്‍ സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായ സ്‌പെയിനിന് ലഭിച്ച 5 കോടി ഡോളര്‍ സമ്മാനത്തുകയില്‍ നിന്ന് 30 ശതമാനം വരെ തുക അമേരിക്കന്‍ റവന്യൂ ഏജന്‍സിയായ ഐ.ആര്‍.എസ് പിടിച്ചെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.ലോകകപ്പ് മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ വെച്ച് നടന്നതിനാല്‍ അവിടെ വെച്ചുണ്ടാക്കുന്ന വരുമാനത്തിന് ഫെഡറല്‍ നികുതി ഈടാക്കാന്‍ യു.എസ് സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ട്.
വിദേശ കായികതാരങ്ങളും ഫെഡറേഷനുകളും അമേരിക്കയില്‍ വെച്ച് നേടുന്ന വരുമാനത്തിന് 30% ഫെഡറല്‍ നികുതി പൊതുവെ ബാധകമാണ്. ഫെഡറല്‍ നികുതിക്ക് പുറമെ മത്സരങ്ങള്‍ നടന്ന അതത് സംസ്ഥാനങ്ങളും നികുതി ഈടാക്കും. ഉദാഹരണത്തിന് ഫൈനല്‍ നടന്ന ന്യൂജേഴ്‌സിയില്‍ 10.75% വരെയും, മത്സരങ്ങള്‍ നടന്ന കാലിഫോര്‍ണിയയില്‍ 13.3% വരെയും ഇന്‍കം ടാക്‌സ് ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.മുന്‍കാലങ്ങളില്‍ ലോകകപ്പ് സംഘടിപ്പിച്ച രാജ്യങ്ങള്‍ ഫിഫയ്ക്കും ടീമുകള്‍ക്കും കളിക്കാര്‍ക്കും പൂര്‍ണ്ണ നികുതി ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഇളവുകള്‍ അനുവദിച്ചിട്ടില്ല. സമ്മാനത്തുക ഫിഫ നേരിട്ട് കളിക്കാര്‍ക്ക് പണം നല്‍കില്ല. പകരം അതത് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കാണ് സമ്മാനത്തുക നല്‍കുന്നത്.
ഫെഡറേഷനുകള്‍ ഇത് കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനുമായി വീതിച്ചു നല്‍കും. ഫെഡറേഷന്‍ നികുതിരഹിതമാണെങ്കിലും കളിക്കാര്‍ക്ക് ലഭിക്കുന്ന തുക വ്യക്തിഗത വരുമാന നികുതിക്ക് വിധേയമായിരിക്കും. അതേസമയം, അമേരിക്കയ്ക്ക് സ്‌പെയിനുമായി ഇരട്ട നികുതി ഒഴിവാക്കല്‍ കരാറുകള്‍ ഉണ്ടെങ്കിലും സമ്മാനത്തുകയിലെ ഇത്രയും വലിയ തുകയ്ക്ക് അത് പൂര്‍ണമായും ബാധകമാകില്ല. കൂടാതെ സ്വന്തം രാജ്യമായ സ്‌പെയിനിലും തദ്ദേശീയ വരുമാന നികുതി നിയമങ്ങള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ കളിക്കാരുടെ അക്കൗണ്ടില്‍ എത്തുന്ന അന്തിമ തുകയില്‍ വന്‍ കുറവുണ്ടാകും.
