ലോകകപ്പിൽ ചരിത്രം കുറിച്ച് കുഞ്ഞൻ രാജ്യമായ കേപ് വെർദെ. ലോകകപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് നോക്കൌട്ടിലേക്ക് എത്തിയാണ് ആഫ്രിക്കൻ രാജ്യം അത്ഭുതപ്പെടുത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഏഷ്യൻ കരുത്തരായ സൌദി അറേബ്യയെ ഗോൾ രഹിത സമനിലയിൽ കുരുക്കിയാണ് കേപ് വെർദെയുടെ മുന്നേറ്റം. മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി മൂന്ന് പോയന്റുള്ള കേപ് വെർദെ ഗ്രൂപ്പ് എച്ചിൽ സ്പെയിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി.
അതെസമയം മുൻ ചാമ്പ്യന്മാരായ യുറുഗ്വായ് പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ സ്പെയിനോട് ഒരു ഗോളിന് തോറ്റ ഉറുഗ്വേ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പെയിനോട് തോൽക്കുകയും കേപ് വെർദെ, സൌദി അറേബ്യ എന്നിവരോട് സമനില വഴങ്ങുകയും ചെയ്ത യുറുഗ്വായ്ക്ക് രണ്ട് പോയന്റ് മാത്രമാണ് ഉള്ളത്.
എട്ട് മികച്ച മൂന്നാം സ്ഥാനക്കാരാണ് ഗ്രൂപ്പ് ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കും പിന്നിൽ നോക്കൌട്ടിലേക്ക് മുന്നേറുന്നത്. 2 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കില്ല. നിലവിലെ കണക്കുകൾ പ്രകാരം മറ്റ് ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ യുറുഗ്വായ് പതിനൊന്നാം സ്ഥാനത്താണ്. ഇതാണ് ലാറ്റിനമേരിക്കൻ ടീമിന് തിരിച്ചടിയായത്.
മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്റുള്ള സ്പെയിൻ ഗ്രൂപ്പ് ജേതാക്കളായി റൌണ്ട് ഓഫ് 32ലേക്ക് മുന്നേറി. കേപ് വെർദെയോട് സമനിലയിൽ കുരുങ്ങിയ സ്പെയിൻ പിന്നീട് സൗദിയെ തോൽപിച്ചിരുന്നു.
