ഹൈദരാബാദിലെ പ്രധാന റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിട്ടു; നന്ദി അറിയിച്ച് ട്രംപ്

വാഷിംഗ്ടൺ: ഐടി നഗരമായ ഹൈദരാബാദിലെ പ്രധാന റോഡിന് തന്റെ പേര് നൽകിയതിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരമൊരു ആദരവ് ലഭിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് താനെന്ന് അദ്ദേഹം കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇന്ത്യയോടുള്ള നന്ദി രേഖപ്പെടുത്തിയത്. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

ട്രംപ് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് മുൻപ് ആരോപിച്ച കോൺഗ്രസ് നേതൃത്വം, ഇപ്പോൾ അദ്ദേഹത്തെ ആദരിക്കുന്നത് കാപട്യമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാനും നിക്ഷേപങ്ങൾ ആകർഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഭരണകക്ഷി വ്യക്തമാക്കി. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർകയും യുഎസ് അംബാസഡർ സെർജിയോ ഗോറും ചേർന്ന് റോഡിന്റെ നാമകരണ ഫലകം അനാവരണം ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപ് നന്ദി അറിയിച്ചത്. “ഇന്ത്യയിലെ ഹൈദരാബാദിലുള്ള പുതിയ ഡൊണാൾഡ് ട്രംപ് അവന്യൂ — ഈ രീതിയിൽ ആദരിക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ യുഎസ് പ്രസിഡന്റ്. നന്ദി!” എന്നാണ് അദ്ദേഹം എഴുതിയത്.

അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡാണ് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പുനർനാമകരണം ചെയ്തത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ പ്രമുഖ യുഎസ് ഐടി കമ്പനികളുടെ ഓഫീസുകൾക്ക് സമീപമാണ് ഈ റോഡ്. അമേരിക്കയോടുള്ള ആദരസൂചകമായാണ് റോഡിന് ട്രംപിന്റെ പേര് നൽകിയതെന്നും, യുഎസ്-ഇന്ത്യ ബന്ധത്തിൽ ഹൈദരാബാദിനുള്ള പ്രാധാന്യത്തിന്റെ അടയാളമാണിതെന്നും തെലങ്കാന സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *