ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി. കെ. കെ മഹേശൻ്റെ മരണത്തിലും വെള്ളാപ്പള്ളി പ്രതിയാണെന്ന് എസ്എൻഡിപി സംരക്ഷണസമിതി ചെയർമാർ എസ്. ചന്ദ്രസേനൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ സ്വാധീനം കൊണ്ടാണ് വെള്ളാപ്പള്ളി പല കേസുകളിൽ നിന്നും രക്ഷപ്പെട്ടതെന്നും എസ്. ചന്ദ്രസേനൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയതിനിടെയാണ് എസ്എൻഡിപി സംരക്ഷണസമിതിയുടെ പ്രതികരണം വന്നിരിക്കുന്നത്. എസ്എൻഡിപി യോഗത്തെ കൊള്ളയടിച്ചുവെന്നും അഴിമതി നടത്തിയെന്നുമുള്ള കൃത്യമായ തെളിവുകളോടെയുള്ള കുറ്റപത്രം തയ്യാറായ സ്ഥിതിക്ക് വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണം.
എസ്എൻഡിപി യോഗത്തിൻ്റെ ഇതുവരെ ഉള്ള ചരിത്രത്തിൽ കുറ്റപത്രത്തിൽ ഉൾപ്പെട്ട ഒരു ഭാരവാഹി പോലും ഉണ്ടായിട്ടില്ല. 23-ാം തീയതി ഇന്ത്യൻ പ്രസിഡൻ്റിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുന്ന ആളിൻ്റെ യോഗ്യത എന്താണ്? നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി. പത്മഭൂഷൺ പണം കൊടുത്താണോ വാങ്ങിയതെന്ന് വെള്ളാപ്പള്ളി പറയേണ്ടി വരുമെന്നും എസ്. ചന്ദ്രസേനൻ പറഞ്ഞു.
