ഇന്ത്യയ്ക്ക് കോഹിനൂർ വജ്രം തിരികെ നൽകണം; ബ്രിട്ടീഷ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അമേരിക്കയിൽ സന്ദർശനം നടത്തുന്ന വേളയിൽ, ചരിത്രപ്രസിദ്ധമായ കോഹിനൂർ വജ്രം
ഇന്ത്യയ്ക്ക് തിരികെ നൽകാൻ ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ഇന്ത്യയിലെ വിവിധ രാജവംശങ്ങൾ കൈവശം വെച്ചിരുന്ന വജ്രം നിലവിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ശേഖരത്തിലാണുള്ളത്. ഈ വിഷയം ഔദ്യോഗിക അജണ്ടയുടെ ഭാഗമല്ലെങ്കിലും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാൽ താൻ ഉന്നയിക്കുമെന്ന് മംദാനി മാധ്യമങ്ങളോട് പറഞ്ഞു.

ചരിത്രപരമായ പ്രാധാന്യമുള്ള ഈ വജ്രം ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അത് തിരികെ വേണമെന്നും ഇന്ത്യ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഉടമ്പടി പ്രകാരം തങ്ങൾക്കാണ് ഇതിന്റെ നിയമപരമായ അവകാശമെന്ന നിലപാടിലാണ് ബ്രിട്ടൻ ഇപ്പോഴും തുടരുന്നത്. ഇന്ത്യയിൽ നിന്നുള്ള 105.6 കാരറ്റ് വജ്രമായ കോഹിനൂർ വിവിധ രാജവംശങ്ങളിലൂടെ കടന്നുപോയ ശേഷമാണ് 1849-ൽ ലാഹോർ ഉടമ്പടി വഴി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തത്. വജ്രം സിഖ് രാജാവിൽ നിന്ന് ഭീഷണിപ്പെടുത്തി വാങ്ങിയതാണ് എന്നാണ് ഇന്ത്യ വാദിക്കുന്നത്.

നിലവിൽ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലാണ് ഈ വജ്രം പതിച്ചിരിക്കുന്നത്. ഈ കിരീടം ലണ്ടൻ ടവറിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. കൊളോണിയൽ ചൂഷണത്തിന്റെ പ്രതീകമായി ഇതിനെ കാണുന്ന ഇന്ത്യ ഇത് തിരികെ നൽകണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.’നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ വേരുകളുള്ള വിലമതിക്കാനാവാത്ത വസ്തു’ എന്നാണ് ഇന്ത്യ മുൻപ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, 19-ാം നൂറ്റാണ്ടിലെ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ വജ്രത്തിന്മേൽ തങ്ങൾക്കാണ് നിയമപരമായ ഉടമസ്ഥാവകാശമെന്ന് നിലപാടിൽ തുടരുകയാണ് ബ്രിട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *