മുംബൈ: രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭം കടുക്കുകയാണ്. ഇതിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെ ലഹരിക്കേസില്‍ കുടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി. ഇനി സമരത്തിലേക്ക് പോയാല്‍ കള്ളക്കേസ് എടുക്കുമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിക്കുകയും നിലവിലെ ചുമതലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പൊലീസ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ ഉദ്യോഗസ്ഥനെതിരെ വന്‍തോതില്‍ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം വിദ്യാര്‍ത്ഥികള്‍ പുറത്തുവിടുകയായിരുന്നു. ഇന്നലെ മുംബൈയില്‍ നടന്ന സിജെപി പ്രതിഷേധത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി.
വാഹനത്തിനകത്ത് ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ മുന്‍സീറ്റിലിരുന്ന പൊലീസുകാരന്‍ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങളെല്ലാം പിന്നിലിരുന്ന വിദ്യാര്‍ത്ഥികള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ‘നിങ്ങളെ ഇനി ഇവിടെ കണ്ടാല്‍ നിങ്ങളുടെ ജീവിതം ഞാന്‍ തകര്‍ക്കും. നിങ്ങളുടെ ബാഗില്‍ ലഹരി മരുന്ന് നിക്ഷേപിക്കും. അതോടെ നിങ്ങളുടെ ജീവിതം തകരും’, പൊലീസുകാരന്‍ വീഡിയോയില്‍ പറയുന്നു. വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.അതേസമയം , നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചിട്ടുണ്ട്.
ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതി സജീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ദോഷകരമാക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും രംഗത്ത് വന്നിരുന്നു. യുവാക്കളുടെ ഭാവി നശിപ്പിച്ചത് പ്രധാനമന്ത്രിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോക്രോച്ച് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അഭിജീത്ത് ദീപ്‌കെയും പ്രധാനമന്ത്രിക്ക് മറുപടി നല്‍കിയിട്ടുണ്ട്. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചേ മതിയാകൂ എന്നായിരുന്നു അഭിജീത്ത് ആവശ്യപ്പെട്ടത്.
