ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കാവേരി നദിക്ക് കുറുകെ ഡാം നിർമിക്കാനുള്ള കർണാടകത്തിന്‍റെ നീക്കത്തിന് എതിരെയാണ് പ്രമേയം അവതരിപ്പിച്ചത്. പാരിസ്ഥിതിക – സാങ്കേതിക അനുമതി നൽകരുതെന്ന് കേന്ദ്രത്തോട് തമിഴ്നാട് ആവശ്യപ്പെട്ടു. തമിഴ്‌നാടിൻ്റെ ജലാവകാശം സംരക്ഷിക്കുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി.
പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ് എംഎൽഎമാരും രംഗത്തെത്തി. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. കാവേരി തർക്ക പരിഹാര ട്രൈബ്യൂണലിൻ്റെയും സുപ്രീം കോടതിയുടെയും വിധികൾ ലംഘിച്ചുകൊണ്ട്, ഏകപക്ഷീയമായാണ് കർണാടക മേക്കേദാട്ടു പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി. 9000 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ ഡാം തമിഴ്‌നാട്ടിലെ കർഷകരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കാനുള്ള കർണാടകയുടെ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
കാവേരി നദീതടം ഇതിനകം തന്നെ ജലക്ഷാമം നേരിടുകയാണെന്നും ലഭ്യമായ വെള്ളം സംസ്ഥാനങ്ങൾക്കിടയിൽ പൂർണമായി വീതം വെച്ചിട്ടുള്ളതാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ നദീതടത്തിൽ പുതിയ പദ്ധതികൾ തുടങ്ങാനോ കൂടുതൽ വെള്ളം ഉപയോഗിക്കാനോ നിയമപരമായി സാധ്യമല്ലെന്നാണ് തമിഴ്‌നാടിൻ്റെ വാദം. കർണാടക തയ്യാറാക്കിയ വിശദമായ പദ്ധതി രേഖയ്ക്ക് (ഡിപിആർ) അനുമതി നൽകരുതെന്ന് സെൻട്രൽ വാട്ടർ കമ്മീഷനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
