കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി മന്ത്രി സി പി ജോൺ. സിഎംപിക്ക് മറ്റൊരു നിലപാട് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞതിന് ഒപ്പം നിൽക്കുന്നു എന്നുമാണ് സി പി ജോൺ പ്രതികരിച്ചത്.
വാഹന മോഡിഫിക്കേഷനിൽ ഉദ്ദേശിക്കുന്നത് അപകടമല്ലാത്ത മോഡിഫിക്കേഷനാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. റോഡുകൾ മരണക്കിണർ ആണ്. വലിയ നിയമലംഘനം ചെറിയ നിയമലംഘനം എന്നൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിൽ ബംബർ ഘടിപ്പിച്ചതിന് പിഴ ഈടാക്കിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. അപകടകരമായ കാര്യമാണ് അതെന്നായിരുന്നു സി പി ജോണിന്റെ പ്രതികരണം.
ടിപ്പർ ഡ്രൈവർമാർ സ്വയം നിയന്ത്രിക്കണമെന്നും സി പി ജോൺ ആവശ്യപ്പെട്ടു. അമിത വേഗതയിൽ ടിപ്പർ ഓടിക്കരുത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തും. പ്രധാന ജംഗ്ഷനുകളിൽ സീബ്ര ക്രോസിങ് ലൈനിന്റെ വീതി വർധിപ്പിക്കും. കാൽനട യാത്രക്കാർക്കും ബോധവൽക്കരണം നൽകുമെന്നും സി പി ജോൺ വ്യക്തമാക്കി.
