മുഖ്യമന്ത്രിയുടെ മറുപടി വിഷമുണ്ടാക്കി

ആലപ്പുഴ: നിയമസഭയിൽ കുട്ടനാട് എംഎൽഎയും യുഡിഎഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടിയും അതിനു പിന്നാലെ പറഞ്ഞ കമന്റും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി വിഷമമുണ്ടാക്കിയെന്നും മുഖ്യമന്ത്രിയോട് ഇക്കാര്യം ചോദിക്കുമെന്നും റെജി ചെറിയാൻ പറഞ്ഞു. മൂലം വളളംകളി ദിവസമായ ജൂൺ 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി തേടിയാണ് റെജി ചെറിയാൻ സഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്.

നിയമസഭയിൽ എന്‍റെ ആദ്യത്തെ സബ്മിഷൻ ആയിരുന്നു. കുട്ടനാടിന്‍റെ ജനങ്ങൾ ആഗ്രഹിച്ച ഒരു കാര്യമാണ് ചോദിച്ചത്. മൂലം വള്ളം കളിയുടെ പ്രാധാന്യം തിരിച്ചറിയാഞ്ഞിട്ടാണോ അങ്ങനെ പറഞ്ഞത് എന്നറിയില്ലെന്നും റെജി ചെറിയാൻ പറഞ്ഞു. എന്നോട് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് സർക്കാർ ആലോചിച്ച് തീരുമാനമെടുക്കാം എന്നാണ്. അത് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. കഷ്ടപ്പാടിൽ ജീവിക്കുന്ന കുട്ടനാടിലെ ജനങ്ങൾക്ക് വർഷത്തിൽ ഒരിക്കലുള്ള ആഘോഷമാണിത്. അതൊന്നും പുറത്തുള്ള ആളുകൾക്ക് അറിയില്ല. മുഖ്യമന്ത്രി രേഖാമൂലമുള്ള മറുപടി തന്നതിന് ശേഷം പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്നും എങ്ങനെ പറഞ്ഞു എന്നത് തീർച്ചയായും ചോദിക്കും. ഞാനും എംഎൽഎ ആണ്, അവകാശങ്ങളുണ്ട്. എല്ലാവർക്കും ഒരേ അവകാശമാണ്. തെറ്റിദ്ധാരണ സമൂഹത്തിൽ വന്നിട്ടുണ്ടെങ്കിൽ അത് മാറ്റണം. നൂറുകണക്കിന് പ്രശ്നങ്ങൾ ഉള്ള ജനങ്ങളാണ് കുട്ടനാട്ടുകാർ. ഇതെല്ലാം കൊണ്ട് ഇവരുടെ മുന്നിൽ പോകേണ്ടതാണെന്നും റെജി ചെറിയാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *