ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറൻ്റ് കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പൊലീസ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. അറസ്റ്റ് നടപടികള്‍ തടയണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് ഡല്‍ഹി എകെജി ഭവനിലെത്തിയ ഡല്‍ഹി പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തില്‍ പൊലീസിനെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. യൂണിഫോം ധരിക്കാതെയായിരുന്നു ഡല്‍ഹി പൊലീസ് എത്തിയത്. സിജെപി സമരത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു ഐഷി ഘോഷ്. ഇതിന് പിന്നാലെയാണ് ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഡല്‍ഹി പൊലീസ് സജീവമാക്കിയത്.2021ലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതുവരെ ഒരു തവണയൊഴികെ എല്ലാ ഹിയറിങ്ങിനും ഹാജരായിട്ടുണ്ടെന്നും ഐഷിക്ക് വേണ്ടി ഹാജരായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നു. ഒരിക്കല്‍ ഡല്‍ഹിയില്‍ ഇല്ലാത്തതുകൊണ്ടാണ് ഹാജരാവാതിരുന്നത് എന്നും വാറണ്ട് പിന്‍വലിക്കണം എന്നുമുള്ള ആവശ്യമാണ് ഐഷി കോടതിയില്‍ ഉന്നയിച്ചത്. പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് വിഷയം രാജ്യസഭയിലും ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *