‘വി കുഞ്ഞികൃഷ്ണനെ പാർട്ടി നിസാരനായി കണ്ടു’; സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ വിമർശനം

തിരുവനന്തപുരം: സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷവിമർശനം. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ നേതൃത്വം എത്തിച്ചുവെന്നും എന്ത് വന്നാലും ജയിക്കുമെന്ന ധാർഷ്ട്യം നേതൃത്വത്തിനു ഉണ്ടായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരടക്കം എടുത്ത് പറഞ്ഞ് ആയിരുന്നു വിമർശനം. വി കുഞ്ഞികൃഷ്ണന് വേണ്ടി പാർട്ടി നേതാക്കൾ രഹസ്യ ക്യാമ്പയി‍ൻ നടത്തി വോട്ട് മറിച്ചെന്നും വിമർശിച്ചു. വോട്ട് ചോർത്തിയവരെ പുറത്താക്കണമെന്നും നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യം ഉയർന്നു. ആളുകളുടെ മുഖത്തു നോക്കാൻ പറ്റാത്ത സ്ഥിതി. രക്തസാക്ഷി ഫണ്ട്‌ മുക്കി എന്ന് കേട്ടാൽ ഏത് സിപിഎമ്മുകാരനാണ് വോട്ട് ചെയ്യുന്നതെന്ന് അം​ഗങ്ങൾ ചോദിച്ചു. വി കുഞ്ഞികൃഷ്ണന്റെ ആക്ഷേപങ്ങൾ പരിശോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു.

കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ചു ഒപ്പം നിർത്തുന്നതിൽ ജില്ലാ സംസ്ഥാന നേതാക്കൾക്ക് വീഴ്ച്ചപറ്റി. ആരോപണം ഉണ്ടായ സാഹചര്യം പാർട്ടി പരിഗണിച്ചില്ലെന്നും വിമർശനം ഉയർന്നു. കണക്ക് പുറത്തുവിടില്ലെന്ന് നേതാക്കൾ പറഞ്ഞത് പാർട്ടി അംഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. രക്തസാക്ഷി ഫണ്ട്‌ യഥാർത്ഥ കണക്ക് ജനങ്ങളോട് തുറന്ന് പറയണം എന്ന ആവശ്യവും ഉയർന്നു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌ കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഏരിയ കമ്മിറ്റി യോഗം

സംസ്ഥാന നേതൃത്വം പരാജയമാണെന്നും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി കാര്യത്തിൽ പാർട്ടി ഗൗരവം കാണിക്കണമായിരുന്നു. ആര് നിന്നാലും ജയിക്കുമെന്ന് ആണ് നേതൃത്വം കരുതിയത്. എം വി ഗോവിന്ദന്റെ ശൈലി പാർട്ടി ബന്ധുക്കളെ അകറ്റി. പിണറായിയുടേത് മികച്ച ഭരണമെങ്കിലും ജനങ്ങളിൽ നിന്ന് അകന്നുവെന്നടക്കമുള്ള രൂക്ഷ വിമർശനമാണ് കമ്മിറ്റി ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *