പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷൻ ഹിയറിങ് കഴിഞ്ഞു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാർജ് കൂട്ടാതിരിക്കാൻ ശ്രമിക്കുമെന്നും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
അതേസമയം പവർക്കെട്ട് ഇല്ലാത്ത പത്ത് വർഷം എന്ന എല്‍ഡിഎഫ് പരസ്യത്തിന് എതിരായ വിമർശനത്തോടും മന്ത്രി പ്രതികരിച്ചു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയുണ്ട്. പ്രതിപക്ഷം അതുകൂടി നോക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം പ്രകൃതിയോട് ചോദിക്കണമെന്നും മന്ത്രി പരിഹസിച്ചു. നിലവിലെ പ്രശ്നം രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി ഉപയോഗം ഉയർന്നതോടെ സംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് വ്യാപകമാണെന്ന് പരാതികള്‍ ഉയരുന്നുണ്ട്. രാത്രി 15 മിനിറ്റ് വീതം പല തവണ വൈദ്യുതി മുടങ്ങുന്നുണ്ട് എന്നാണ് ആക്ഷേപം ഉയരുന്നത്. അതിനിടെ, ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. 11 മണിക്ക് ഓൺലൈനായാണ് യോഗം.
