കേരള ക്രിക്കറ്റ് ലീഗിൽ കരുത്ത് തെളിയിക്കാൻ തിരുവനന്തപുരത്തിന്റെ താരങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ ടീമുകളിലായി അണിനിരക്കുന്നത്. കെസിഎല്ലിന് മുന്നോടിയായി നടന്ന എൻഎസ്‌കെ ട്രോഫിയിലും തിരുവനന്തപുരം ഫൈനലിലെത്തിയിരുന്നു. നേരിയ വ്യത്യാസത്തിലായിരുന്നു എറണാകുളത്തോട് കിരീടം നഷ്ടപ്പെട്ടത്. ടൂർണമെന്റിൽ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന പ്രമുഖ ടീമുകളിൽ ഒന്നായ ‘ട്രിവാൻഡ്രം റോയൽസ്’ വളരെ ശക്തമായ നിരയുമായാണ് മൂന്നാം സീസണിന് ഒരുങ്ങുന്നത്.

തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് പെരുമ കാക്കാൻ തിരുവനന്തപുരത്തുനിന്നുള്ള അഞ്ച് താരങ്ങളാണ് ഇത്തവണ റോയൽസ് ജേഴ്‌സിയിൽ അണിനിരക്കുന്നത്. കൃഷ്ണ പ്രസാദ്, അഭിഷേക് പി നായർ, ഭരത് സൂര്യ, അജീഷ് കെ, രാഹുൽ ചന്ദ്രൻ എന്നിവരടങ്ങുന്ന ഈ അഞ്ചംഗ സംഘം ടീമിന്റെ നട്ടെല്ലാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ റൺവേട്ടയിൽ മുന്നിലെത്തിയ ആദ്യ രണ്ട് പേരും തിരുവനന്തപുരത്തുനിന്നുള്ള താരങ്ങളായിരുന്നു. 479 റൺസുമായി കൃഷ്ണപ്രസാദും 437 റൺസുമായി അഹ്മദ് ഇമ്രാനും. കൃഷ്ണപ്രസാദിനെ തിരുവനന്തപുരവും അഹ്മദ് ഇമ്രാനെ തൃശൂർ ടൈറ്റൻസും നിലനിർത്തിയിട്ടുണ്ട്. ഇരുവർക്കും ഏഴര ലക്ഷം രൂപ വീതമാണ് ലേലത്തിൽ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *