വീണ്ടും അവയവദാനം; ദാനം ചെയ്യുന്നത് കൊല്ലം സ്വദേശിയുടെ അവയവങ്ങൾ

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഒരു അവയവദാനം. കൊല്ലം സ്വദേശി ബി. അജിത് കുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മസ്തിഷ്‌കമരണം സംഭവിച്ച അജിത് കുമാറിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്കാണ് പുതുജീവനേകുക. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും കായിക, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ് ബി. അജിത് കുമാര്‍. കുരീപ്പുഴ കോനവെട്ടത്ത് വീട് സ്വദേശിയായ അജിത് കുമാര്‍ കൊല്ലം ഡിവിഷന്‍ 7-ലെ കൗണ്‍സിലറാണ്.

ജൂലൈ 19 ഞായറാഴ്ച രാവിലെ സ്‌ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (മെഡിസിറ്റി) പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1:00 മണിയോടെ ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരങ്ങളായ സുരേഷ് കുമാറും അജിത കുമാരിയും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അജിത് കുമാര്‍ അവിവാഹിതനാണ്. കെ-സോട്ടോയുടെ മേല്‍നോട്ടത്തിലാണ് അവയവങ്ങള്‍ കൈമാറുന്നത്.

കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലും കണ്ണുകള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലും ചികിത്സയിലുള്ള രോഗികള്‍ക്ക് കൈമാറും. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് അവയവങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ ‘ഗ്രീന്‍ കോറിഡോര്‍’ പാത സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കിംസ് ആശുപത്രിയിലേക്കും അവയവങ്ങള്‍ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *