കൊൽക്കത്ത: പശ്ചിമബംഗാളിൽ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണസമിതി പിരിച്ചുവിട്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി. തൃണമൂല്‍ മേയര്‍ ഫിര്‍ഹാദ് ഹക്കിം രാജിവെച്ചതിന് പിന്നാലെയാണ് നടപടി. ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത പാണ്ഡെയെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കുകയും ചെയ്തു. 1980ലെ മുനിസിപ്പല്‍ കോര്പ്പറേഷന് ആക്ട് പ്രകാരമാണ് നടപടി. കൗണ്‍സിലര്‍മാരും കമ്മിറ്റി അംഗങ്ങളും ഉടൻ ഓഫീസ് ഒഴിയണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേയറും കൗണ്‍സിലര്‍മാരും അടക്കം നിര്‍വഹിച്ചിരുന്ന ചുമതലകള്‍ ഇനി അഡ്മിനിസ്ട്രേറ്ററായിരിക്കും നിര്‍വഹിക്കുക. 2010 മുതല്‍ തുടര്‍ച്ചയായി തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചിരുന്നത്.
ജൂണ്‍ മൂന്നിനായിരുന്നു മമത ബാനർജിയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ ഫിര്‍ഹാദ് ഹക്കിം രാജിവെച്ചത്. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് കടുത്ത തടസ്സങ്ങള്‍ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. നേരത്തെയും അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മമത ബാനര്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം മേയര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. ഇതിനിടെ കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ രാജിവെക്കുകയും ചെയ്തു. ഇതോടെ ഫിര്‍ഹാദ് വീണ്ടും രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ഒടുവില്‍ മമത ബാനര്‍ജി രാജി അംഗീകരിക്കുകയായിരുന്നു.
അതിനിടെ തൃണമൂല്‍ എംപി യൂസുഫ് പഠാനും എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. അല്പം ധൈര്യം വേണമെന്ന് വിമര്‍ശിച്ച് യൂസുഫിനെതിരെ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര രംഗത്തെത്തി. അമിത് ഷാ വിളിച്ചിട്ടാണോ ഡല്‍ഹിയിലേക്ക് പോയതെന്ന് മഹുവ ചോദിച്ചു. നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചയാളാണ്. തങ്ങളുടെ ജില്ല വലിയ ഭൂരിപക്ഷത്തോടെയാണ് നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. അൽപം നട്ടെല്ല് കാണിക്കൂ എന്നും മഹുവ മൊയ്ത്ര പറഞ്ഞിരുന്നു. ബഹരംപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് യൂസഫ് പഠാന്.
