മലപ്പുറം: വാൽപ്പാറ വാഹാനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മറ്റും. വൈകിട്ടോടെയാണ് ആശുപത്രിയിൽ എത്തുക. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിൽസിച്ചിരുന്നത്. നിലവിൽ ഫായിസിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ അറിയിച്ചു. ഇവരുടെ ആവശ്യപ്രകാരമാണ് ഇപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്.
കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽ നിന്നും വാടകക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 10 പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
