ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കുറിപ്പിട്ട് കേരള കേന്ദ്ര സർവകലാശാല

കാസർ​ഗോഡ്: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കുറിപ്പിട്ട് കേരള കേന്ദ്ര സർവകലാശാല. സർവകലാശാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് മന്ത്രിക്ക് അഭിനന്ദനവും ആശംസകളും നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ കമന്റ് ബോക്സുകളിൽ പ്രതിഷേധം രേഖപ്പെടുത്തി വിദ്യാർഥികൾ രംഗത്തെത്തി.

രാജ്യത്തിനും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ധർമ്മേന്ദ്ര പ്രധാൻ നൽകിയ വിശിഷ്ട സേവനങ്ങളെ സർവകലാശാല കുറിപ്പിലൂടെ അഭിനന്ദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ സർവകലാശാലയുടെ അക്കാദമിക് പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നൽകിയ പിന്തുണയും സർവകലാശാല കുറിപ്പിൽ എടുത്തുപറയുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ അദ്ദേഹം വഹിച്ച നേതൃപരമായ പങ്ക് വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായും സർവകലാശാല പറയുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് സർവകലാശാലാ അധികൃതർ ആശംസകളും നേർന്നിട്ടുണ്ട്.

യുവജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ രാജിവെച്ച് മണിക്കൂറുകൾക്കകം ഇത്തരമൊരു പുകഴ്ത്തൽ നടത്തിയത് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച കുറിപ്പുകൾക്ക് താഴെ പരിഹാസങ്ങളും ട്രോളുകളും നിറയുന്നുണ്ട്. എന്നാൽ വിമർശനങ്ങൾ ഉയർന്നിട്ടും പോസ്റ്റ് പിൻവലിക്കാനോ വിശദീകരണം നൽകാനോ സർവകലാശാല തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *