ശബരിമല ഡ്യൂട്ടിക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരം:ശബരിമല ഡ്യൂട്ടിക്ക് ഇനി പൊലീസുകാരെ തിരഞ്ഞെടുക്കുന്നതിലും കർശന നിയന്ത്രണം, മദ്യപാനികളും മാന്യമായി പെരുമാറാൻ അറിയാത്തവരുമായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന് ഐജി പി. പ്രകാശിന്റെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഐജി എല്ലാ എസ്പിമാർക്കും കത്തയച്ചു. നിലയ്ക്കലിൽ തീർഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച എഎസ്ഐ ജിജോയുടെ നടപടിയാണ് ഇതിന് പിന്നിൽ.

പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലായിരുന്നു മർദനം. സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് എഎസ്ഐയെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയിരുന്നു. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പൊലീസിന്റെ പ്രധാന കടമയെന്നും സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും ഐജി വ്യക്തമാക്കി.

തീർഥാടകരോട് മാന്യമായി പെരുമാറാനും അവരുടെ പരാതികൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും ഉദ്യോഗസ്ഥർ തയ്യാറാകണം. ഡ്യൂട്ടിക്ക് അയക്കുന്ന പൊലീസുകാരുടെ പെരുമാറ്റവും അച്ചടക്കവും എസ്പിമാർ ഉറപ്പാക്കണം. മണ്ഡലകാലത്ത് സുരക്ഷയും ഭക്തരുടെ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനാണ് ഈ കർശന നിർദേശം. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സേനയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പും ഇതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *