ഡൽഹിയിൽ നിന്നും മടങ്ങി വിജയ് ; മടങ്ങിയത് കോൺ​ഗ്രസ് നേതാക്കളെ കാണാതെ

ഡൽഹി: കോൺ​ഗ്രസ് നേതാക്കളെ കാണാതെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിൽനിന്നും മടങ്ങി. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖർ​ഗെ എന്നിവരുമായി വിജയ് കൂടികാഴ്ച നടത്തുമെന്നായിരുന്നു വിവരം. സോണിയയുടെ വസതിക്ക് മുന്നിൽ വിജയിയും രാഹുലും കൈകോർത്ത് നിൽക്കുന്ന നിരവധി ഫ്ലക്സുകൾ കോൺ​ഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്നു. എന്നാൽ രാവിലെ തമിഴ്നാട് ഭവനിൽനിന്നും വിജയ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു.

ഇന്നലെ പ്രധാനമന്ത്രിയുമായടക്കം കൂടിക്കാഴ്ച നടത്തിയ വിജയ് സംസ്ഥാനത്തെ വിവിധ വമ്പൻ പദ്ധതികൾക്ക് കേന്ദ്ര സഹായം തേടിയിരുന്നു. വമ്പന്‍ പദ്ധതികള്‍ക്ക് പിന്തുണ തേടി ധനമന്ത്രി നിര്‍മലാ സീതാരാമനെയും വിജയ് സന്ദര്‍ശിച്ചു.

കോൺ​ഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചെങ്കിലും കോൺ​ഗ്രസിന്റെ സഖ്യകക്ഷിയായി ദേശീയ തലത്തിൽ അറിയപ്പെടാനും, സ്റ്റാലിനെപോലെ കേന്ദ്രവുമായി നേരിട്ട് ഉടക്കി വികസന പദ്ധതികൾക്ക് ഫണ്ട് നഷ്ടപ്പെടുത്താനും വിജയ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് ടിവികെ വൃത്തങ്ങൾ പറയുന്നത്. വിജയ് കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണാതെ മടങ്ങിയതില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അടുത്തയാഴ്ച കൂടിക്കാഴ്ചയുണ്ടാകുമെന്നും കോണ്‍ഗ്രസ് എംപി ക്രിസ്റ്റഫര്‍ തിലക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *